കോട്ടയം അതിരൂപതാ മെത്രാപ്പോലീത്തായ്ക്കെതിരെ വാളെടുത്തുറഞ്ഞു തുള്ളുന്ന സംരക്ഷക നേതാക്കളോട് ചില കാര്യങ്ങൾ ചോദിച്ചു കൊള്ളട്ടെ . ക്നാനായ സമുദായത്തിന്റെ അനന്യത എക്കാലവും നിലനിർത്തുവാനും ഈ സമുദായത്തിന് ഒരു പോറൽപോലും ഏൽക്കാതെ സംരക്ഷിക്കുവാനും അദ്ദേഹം നാളിതുവരെ നൽകിവരുന്ന ധീര നേതൃത്വം നിങ്ങളെ വല്ലാതെ ഭയപ്പെടുത്തുന്നുവോ ?. തമ്മിൽത്തല്ലി തലകീറി നശിക്കുന്ന ചില സമാന സമുദായങ്ങളെപ്പോലെ ക്നാനായ സമുദായത്തെയും ശിഥിലമാക്കുവാൻ നിങ്ങൾ നടത്തുന്ന സംരക്ഷക നാടകങ്ങൾക്ക് അദ്ദേഹം ഒരു വിലങ്ങുതടിയായി തോന്നുന്നുവോ ?. സത്യങ്ങൾ രൂപതാ മീഡിയ കമ്മിഷൻ ജനങ്ങളെ അറിയിച്ചപ്പോൾ കാലു വെന്ത നായ്ക്കളെ പോലെ ഇടവക തോറും ഓടി നടന്നു നിങ്ങൾ നടത്തുന്ന അസത്യ പ്രഘോഷണങ്ങൾ സാധാരണ ജനങ്ങളെ വിഡ്ഢികളാക്കുവാനോ ? എല്ലാം വായിച്ചു പഠിച്ചു മനസ്സിലാക്കിയവരെന്ന രീതിയിൽ കോടതി വിധിയെയും വാദമുഖങ്ങളെയും വളച്ചൊടിച്ചും തെറ്റായും വിശദീകരിക്കുമ്പോഴും എല്ലാ മുനകളും അതിരൂപതാ മെത്രാപ്പോലീത്തയ്ക്കെതിരെ ഉന്നംവയ്ക്കുന്നതിന്റെ പിന്നിലെ ഗൂഡ്ഡമായ ലക്‌ഷ്യമെന്ത് ? നവീകരണ സമിതിയിലെയും കാനായിലെയും ഉഗ്രവിഷയിനങ്ങൾ പോലും ഏതു വിധേനയും നുഴഞ്ഞു കയറ്റത്തിനിടയുള്ള എല്ലാ പഴുതുകളെയും അടക്കുന്ന മൂലക്കാട്ട് പിതാവിന്റെ നിലപാടുകൾക്ക് മുൻപിൽ പകച്ചു നിൽക്കുമ്പോൾ നിങ്ങൾ അവഹേളിക്കുകയും കുറ്റപ്പെടുത്തുകയും ചെയ്യുന്ന ആ മനുഷ്യൻ നിർഭയനും അക്ഷോഭ്യനുമായി തുടരുന്നത് നിങ്ങളെ ഭയപ്പെടുത്തുകയും നിരാശപ്പെടുത്തുകയും ചെയ്യുന്നുവോ ? ക്നാനായക്കാർക്ക് സ്വന്തമായി ഒരു രൂപത ഇനിയും ലഭിച്ചിട്ടില്ലാത്ത അമേരിക്കയിലെ ക്നാനായ പള്ളികളിൽ സമ്പൂർണ്ണ ക്നാനായത്വം ഉറപ്പാക്കുവാനും ക്നാനായജനത ലോകത്തിന്റെ ഏതു കോണിലായാലും കലർപ്പില്ലാതെ തുടരുന്നതിനും വേണ്ടി സ്ഥാപിതമായ ട്രൈപാർട്ടി എഗ്രിമെന്റ് എന്ന ലിഖിത രേഖയെ നിങ്ങളിത്രകണ്ട് വെറുക്കുകയും ഭയക്കുകയും ചെയ്യുന്നത് നിങ്ങളുടെ ചില മനക്കോട്ടകൾ തകർന്നടിഞ്ഞതിന്റെ നിരാശകൊണ്ടാണെന്നു പറഞ്ഞാൽ നിഷേധിക്കാനാവുമോ ? മൂലക്കാട്ട് പിതാവിന് മുമ്പും കോട്ടയം രൂപതയ്ക്ക് പ്രതികൂലമായ കോടതി വിധികൾ വരികയും രൂപതയുടെ നിലനില്പ് തന്നെ ആശങ്കയിലാവുകയും ചെയ്ത സാഹചര്യങ്ങളിൽ നിങ്ങളിൽ പലരും കൃത്യമായ നടപടികളെടുക്കാവുന്ന ഔദ്യോഗിക സ്ഥാനങ്ങൾ വഹിച്ചിരുന്നിട്ടും ഒരക്ഷരം പോലും ശബ്ദിക്കാതിരുന്നത് എന്തുകൊണ്ടാണ് ? നിങ്ങളുടെയൊക്കെ ദുഷ്ചിന്തകളും അനുബന്ധ പ്രവർത്തനങ്ങളും മൂലക്കാട്ട് പിതാവിനെ കർമ്മപഥത്തിൽ നിന്ന് വ്യതിചലിപ്പിക്കില്ലെന്നു മനസ്സിലായപ്പോളല്ലേ അദ്ദേഹത്തിന്റെ കുടുംബത്തെയും കുടുംബാംഗ ങ്ങളെയും അവഹേളിക്കുവാൻ ശ്രമിക്കുകയും അതിനായി ചില ചാവേറുകളെ അഴിച്ചുവിടുകയും ചെയ്തത് ?പക്ഷേ നിങ്ങൾ മറന്ന ഒരു കാര്യം ഓർമ്മിപ്പിക്കട്ടെ. മൂലക്കാട്ട് പിതാവും സഹോദരങ്ങളും ജനിച്ചത് പൗരുഷത്തോടെ ജീവിച്ചു പുരുഷനായിത്തന്നെ മരിച്ച ഒരേ പിതാവിൽ നിന്നായതിനാൽ ആ വജ്രായുധവും സത്യത്തിനു വേണ്ടി നിലകൊള്ളുന്ന മൂലക്കാട്ട് പിതാവിനെതിരെ തീരെ വിലപ്പോയില്ല . പണവും സ്വാധീനവും ഉള്ള ആജാനുബാഹുക്കളായ ചില സംരക്ഷകർ വളഞ്ഞുനിന്നു ചോദ്യങ്ങൾ ചോദിച്ചപ്പോഴും തന്നെ വാക്കിൽ കുടുക്കുവാൻ ചോദ്യങ്ങളുമായി ജറുസലേം ദേവാലയത്തിൽ കാത്തുനിന്ന നിയമജ്ഞരുടെയും ഫരിസേയരുടെയും മദ്ധ്യേ നടന്നു നീങ്ങിയ യേശുവിനെപ്പോലെ അക്ഷോഭ്യനായി ചോദ്യങ്ങൾക്കു വ്യക്തമായ മറുപടികൾ നൽകിക്കൊണ്ട് മൂലക്കാട്ട് മെത്രാപ്പോലീത്തായെന്ന ആ ചെറിയ മനുഷ്യൻ താമ്പാ തിരുഹൃദയ ദേവാലയാങ്കണത്തിലൂടെ അതേ ക്രിസ്തുവിന്റെ ദൗത്യവാഹകനായി നടന്നു നീങ്ങി . അവിടെയും നിങ്ങളുടെ പ്രതീക്ഷയും ആഗ്രഹങ്ങളും വിഫലമായി അല്ലേ ? അക്രമത്തിനും പ്രക്ഷോഭണത്തിനും ആഹ്വാനം ചെയ്യുന്ന നിങ്ങൾ ഇതെല്ലാം ചെയ്യുന്നത് ആർക്കുവേണ്ടി ? വിദേശരാജ്യങ്ങളിലെ ഡോളർ ചുരത്തുന്ന കറവപ്പശുക്കളുടെ കറവ വറ്റിയാൽ നിലക്കുന്നതല്ലേ നിങ്ങളുടെ കപട സമുദായ സ്നേഹവും സംരക്ഷണവും ? കഥയറിയാതെ ആട്ടം കാണുകയും തെറ്റിദ്ധരിക്കപ്പെടുകയും ചെയ്യുന്ന സാധാരണക്കാരായ ക്നാനായ ജനങ്ങളെ മനസ്സിലാക്കാം . എന്നാൽ എല്ലാമറിഞ്ഞിട്ടും അതിനെ തെറ്റായി വ്യാഖ്യാനിച്ചു വഴി തെറ്റിക്കുന്നവരും വിദ്യാസമ്പന്നരെന്നു സ്വയം അഹങ്കരിക്കുന്നവരും ആയ നിങ്ങൾക്ക് സ്വന്തം മനസ്സാക്ഷിക്കു മുമ്പിൽ ( അങ്ങനെയൊന്നുണ്ടെങ്കിൽ )നിങ്ങളെത്തന്നെ ന്യായീകരിക്കുവാൻ സാധിക്കുമോ ?
ഇനി പറയുവാനുള്ളത് സത്യങ്ങൾ മനസ്സിലാക്കുവാനും വിശ്വസിക്കുവാനും തയ്യാറുള്ള ക്നാനായ ജനതയോടാണ് . മീഡിയകമ്മിഷന്റെയും അതിരൂപതാ നേതൃത്വത്തിന്റെയും വിശദീകരണങ്ങളിൽ നിന്നു മനസിലാകുന്നത് നവീകരണ സമിതി കേസിൽ അതിരൂപത ഇന്നുവരെ എടുത്തിട്ടുള്ള ഓരോ നിലപാടും അതിരൂപതാ നേതൃത്വവും അതിരൂപതാ അല്മായ സംഘടനകളും കൂട്ടായി ആലോചിച്ചും അപഗ്രഥിച്ചും തീരുമാനിച്ചവയാണ് എന്നതാണ് . അതിരൂപതയുടെ സഭാപരമായ നിലനില്പിനും സമുദായത്തിന്റെ തനിമയ്ക്കും കെട്ടുറപ്പിനും ഏറ്റവും അനുയോജ്യവും പ്രായോഗികവും രാജ്യത്തിന്റെയും സഭയുടെയും നിയമങ്ങൾക്കു സ്വീകാര്യവുമായ രീതിയിൽ ലഭ്യമായ തെളിവുകളുടെ പിൻബലത്തിൽ തന്നെയാണ് കോടതിയിൽ വാദമുഖങ്ങൾ ഇതുവരെ ഉന്നയിച്ചിട്ടുള്ളതും ഉന്നയിക്കുന്നതും . അത് മുന്നോട്ടും അങ്ങനെ തന്നെ ആയിരിക്കുമെന്നും ക്നാനായ ജനതയ്ക്ക് ഏറ്റവും അനുയോജ്യമായ ഒരു വിധി ഉണ്ടാകുവാൻ ദൈവത്തിന്റെ ശക്തമായ ഇടപെടൽ ഉണ്ടാകുമെന്നും നമുക്ക് ഉറച്ചു വിശ്വസിക്കാം . ഇന്നുവരെ ക്നാനായ സമുദായം പ്രതിസന്ധികളെ അതിജീവിച്ചത് പ്രാർത്ഥിച്ചും ഒരുമിച്ചു നിന്നുമാണ് . പണക്കൊഴുപ്പിന്റെ പാർശ്വഫലങ്ങളായ ഭിന്നിപ്പിന്റെ സ്വരവും സംസ്കാരവും അധികാരത്തോടുള്ള അടങ്ങാത്ത ആർത്തിയും ഉടലെടുത്തതാണ് ഇന്ന് ക്നാനായ സമുദായത്തിന്റെ ശാപം . നമ്മെ നയിക്കുവാനും സംരക്ഷിക്കുവാനും ദൈവം നമുക്കായി നൽകിയ ഇടയനോടൊത്തു സഞ്ചരിച്ചാൽ ഈ സമൂഹം നശിച്ചു പോകാതെ ലക്ഷ്യ പ്രാപ്തിയിലെത്തും . അമേരിക്കയിലെ ക്നാനായ പള്ളികൾ ഇന്നും ക്നാനായക്കാരുടേതു മാത്രമായി നിലനിൽക്കുന്നത് മൂലക്കാട്ട് മെത്രപ്പോലീത്ത ഏറ്റവും പ്രാർത്ഥനയോടെയും ദീർഘവീക്ഷണത്തോടെയും തികഞ്ഞ സൂക്ഷ്മതയോടെയും കൈക്കൊണ്ട നിലപാടുകൾ കൊണ്ട് മാത്രമാണ് എന്ന സത്യം മനസ്സിലാക്കുവാൻ ഒരുപാട് വിദ്യാഭ്യാസമൊന്നും ആർക്കും ആവശ്യമില്ല . ആ പിതാവിനെ മാനസികമായി വേദനിപ്പിച്ചും തളർത്തിയും നിർവീര്യനാക്കാമെന്നു കരുതിയവർക്ക് തെറ്റി . അദ്ദേഹം ആഗ്രഹിച്ചോ അർത്ഥിച്ചോ നേടിയെടുത്ത ഒരു പദവിയല്ല മെത്രപ്പോലീത്തായെന്ന സ്ഥാനം . ആ കരങ്ങളിൽ തക്കതായ സമയത്ത് അതേല്പിച്ചു കൊടുത്ത ദൈവം അദ്ദേഹത്തിൽ ഭരമേല്പിക്കപ്പെട്ടിരിക്കുന്ന ഉത്തരവാദിത്വങ്ങൾ നിറവേറ്റുവാൻ അദ്ദേഹത്തോടൊപ്പമുണ്ട് . അതുകൊണ്ട് ഭീഷണിയും വെല്ലുവിളികളും ഒന്നും വകവയ്ക്കാതെ ക്നാനായ സമൂഹത്തെ സഭയോടു ചേർത്തു നിർത്തിത്തന്നെ സംരക്ഷിക്കുവാനും കലർപ്പില്ലാതെ നിലനിർത്തുവാനും തന്റെ അഭിഷിക്ത ശുശ്രൂഷയുടെ എല്ലാ അധികാരവും ഉപയോഗിച്ച് അദ്ദേഹം പ്രയത്നിക്കുകയും തന്റെ കർമ്മപന്ഥാവിൽ ദൈവകരം പിടിച്ചു മുന്നേറുകയും ചെയ്യും എന്നത് നിസ്തർക്കവും നിശ്ചയവുമാണ് .
Categories: Uncategorized
Leave a Reply