കോട്ടയം അതിരൂപത അദ്ധ്യക്ഷൻ അഭിവന്ദ്യ മാർ മാത്യു മൂലക്കാട്ട് പിതാവിന് പരിപൂർണ്ണ പിന്തുണയും വിശ്വാസ്സവും ആവർത്തിച്ചു വ്യക്തമാക്കിയ ബഹുമാനപ്പെട്ട വൈദീകരെ നിങ്ങൾക്ക് ഒരായിരം നന്ദി. അതിദുർഘടമായ ഈ സാഹചര്യത്തിൽ അഭിവന്ദ്യ പിതാവിനോട് ബഹുമാനപ്പെട്ട വൈദീകർ നിസ്സംഗത പ്രകടിപ്പിക്കുന്നുവോ എന്ന് സകലരും ചിന്തിച്ചു പോയിരുന്നു.
സമയോചിതമായി ബഹുമാനപ്പെട്ട വൈദീകർ ഒന്ന് ചേർന്ന് ഒരേ സ്വരത്തിൽ നമ്മുടെ ഇടയനെ തകരാനും തകർക്കാനും അനുവദിക്കില്ലായെന്ന് പറയുമ്പോൾ ഇതിനേക്കാൾ സന്തോഷം ഞങ്ങൾക്ക് വേറെ എന്തുണ്ട്. നിസ്സംഗതയുടെ കാർമേഘങ്ങൾ വകഞ്ഞുമാറ്റി ഉദയസൂര്യന്റെ പൊൻകിരണങ്ങളോടെ നമ്മുടെ ഇടയന് ചുറ്റും ആശ്ലേഷവലയം തീർത്ത ക്രിസ്തുവിന്റെ ക്നാനായ പ്രതിപുരുഷന്മാർ ഇന്ന് ഞങ്ങളുടെ അഭിമാനമായി…… അഹങ്കാരമായി മാറിയിരിക്കുന്നു.
പ്രവാചകരാൽ നയിക്കപ്പെട്ട ദൈവത്തിന്റെ സ്വന്തം ജനമായ ക്നാനായ സമൂഹത്തിന്റെ ജീവനാഡിയാണ് ഞങ്ങളുടെ ബഹുമാനപ്പെട്ട വൈദീകർ. നമ്മുടെ ഇടയന്റെ കവചകുണ്ഡലങ്ങളും ബ്ളാക്ക് ക്യാറ്റ് കമാണ്ടോകളുമാണ് ക്നാനായ അഭിഷിക്തർ. ചെന്നായ്ക്കളുടെ അക്രമത്തിൽ ചിതറി ഓടുന്ന ആടുകളെ ജീവൻ കൊടുത്തും രക്ഷിക്കാൻ ശ്രമിക്കുന്ന ഇടയന്റെ കൂടെ ചങ്കായി നിൽക്കുന്നവരാണ് ക്നാനായ വൈദീകർ എന്ന് ഇനി ഞങ്ങൾക്ക് ആശ്വസിക്കാം.
പച്ച നുണകളും അർത്ഥസത്യങ്ങളും കൊണ്ട് നിഷ്കളങ്ക ഹൃദയങ്ങളിൽ വിഷവിത്തുക്കൾ പാകുന്ന അന്ധകാരശക്തികളെ പിഴുതെറിയുവാൻ ഇനി മുതൽ ബഹുമാനപ്പെട്ട വൈദീകർ മുൻ നിരയിൽ ഞങ്ങളുടെ മാർഗ്ഗദർശികളും വഴികാട്ടികളുമായി മുന്നിൽ ഉണ്ടാകണം. കേവലം ഒരു മീറ്റിങ്ങിലോ ഒരു പ്രസ്താവനയിലോ ഒതുങ്ങുന്നതാകരുത് ക്നാനായ വൈദീകരുടെ ആൽമരോക്ഷവും ആൽമാഭിമാനവും. സത്യത്തിന് വേണ്ടി പടനയിക്കുവാൻ, എന്നും മറ്റൊരു ക്രിസ്തുവായി ജീവിക്കുവാൻ ഇടയനോടൊപ്പം എന്നുമുണ്ടാകണം ബഹുമാനപ്പെട്ട വൈദീകർ.
ജനഹൃദയങ്ങളിലേക്ക് കറയില്ലാത്ത ജീവിതവുമായി ഇറങ്ങി വന്ന് പരിശുദ്ധാൽമനിവേശിതമായി പിശാചിന്റെ കുതന്ത്രങ്ങളോട് പടപൊരുതി അഗ്നിയിൽ ദഹിപ്പിക്കുവാൻ ഇടയന്റെ കരുത്തുറ്റ കരങ്ങളായി എന്നുമുണ്ടായാൽ മാത്രമേ എല്ലാ പ്രതിസന്ധിഘട്ടത്തിലും ക്നാനായ ജനത ബഹുമാനപ്പെട്ട വൈദീകർക്ക് ഒപ്പമുണ്ടാകുകയുള്ളൂ. നാണമില്ലാതെ, ഒരിക്കലും തളരാതെ പിഴച്ച മാലാഖമാർ നമ്മുടെ കുടുംബങ്ങളിൽ കയറിയാണ് അതിക്രമം കാട്ടുന്നത്. അജ്ഞതയെ മുതലെടുത്ത് ബുദ്ധിരാക്ഷസന്മാർ എന്ന് സ്വയം വിശേഷിപ്പിക്കുന്ന ചില പകൽ മാന്യന്മാർ കോട്ടയം അതിരൂപതയുടെയും ക്നാനായ സമുദായത്തിന്റെയും ശിരസ്സായ നമ്മുടെ അഭിവന്ദ്യ മെത്രാപ്പോലീത്തയുടെ ശിരസ്സ് തകർക്കാൻ ആണ് സാദാസമയവും പരിശ്രമിക്കുന്നത്.
ശിരസ്സില്ലാതെ ഉടൽ ജീവിക്കില്ലായെന്ന് അറിയാവുന്ന സാത്താന്റെ കുടിലതയുടെ ബാക്കിപത്രമാണ് ഇന്ന് നാം നമ്മളിലെ ചില വ്യക്തികളിലൂടെ കാണുന്നത്. പരിശുദ്ധാൽമാവിന്റെ വരദാനമായ ജ്ഞാനം നഷ്ടപ്പെട്ട ഈ കാപട്യത്തിന്റെ സന്തതികളിൽ നിന്ന് നമ്മുടെ ജനത്തെ സംരക്ഷിക്കുവാൻ നമ്മുടെ ഇടയനോടൊപ്പം എന്നുമെന്നും ബഹുമാനപ്പെട്ട വൈദീകർ ജീവൻ കൊടുത്തും ഉണ്ടാകുമെന്ന ഉറച്ച വിശ്വാസ്സം ക്നാനായ ജനതയ്ക്ക് ഇന്നുണ്ട്. അവസ്സരോചിതമായി ഇടപെട്ട് നമ്മുടെ എല്ലാമെല്ലാമായ ഇടയനോടൊപ്പം ചങ്കായി നിൽക്കുന്ന ബഹുമാനപ്പെട്ട വൈദീകരെ നിങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കുന്നു, നിങ്ങളിൽ ഞങ്ങൾ – ക്നാനായ ജനത അഭിമാനിക്കുന്നു.
ജയ്‌മോൻ നന്തികാട്ട്
Categories: Uncategorized
Leave a Reply