ക്നായിതോമായുടെ പ്രതിമയുമായി പ്രയാണം നടത്തുന്നവരും അത് സ്ഥാപിക്കുവാൻ വെമ്പൽകൊള്ളുന്നവരും അതിനായി ഗവേഷണം നടത്തുന്നവരും അറിയുവാൻ.

ക്നായിതോമായുടെ പ്രതിമയുമായി പ്രയാണം നടത്തുന്നവരും അത് സ്ഥാപിക്കുവാൻ വെമ്പൽകൊള്ളുന്നവരും അതിനായി ഗവേഷണം നടത്തുന്നവരും അറിയുവാൻ,🙏 ഈശോമിശിഹായുടെ തിരുഹൃദയത്തിൽ പ്രതിഷ്ഠിക്കപ്പെട്ടിരിക്കുന്ന, നമ്മുടെ അതിരൂപതയുടെ ഹൃദയമായി വിഭാവനം ചെയ്തുകൊണ്ടാണ്, തിരുഹൃദയകുന്ന് അന്ന് സ്ഥാപിച്ചതെന്ന് മനസ്സിലാക്കുന്നു. 👉ഈ തിരുഹൃദയകുന്നിലാണ്, കോട്ടയം അതിരൂപതയുടെ അജപാലന പ്രവർത്തനങ്ങൾക്ക്, നേതൃത്വവും ഏകീകൃത സ്വഭാവവും നൽകുക എന്ന ലക്ഷ്യത്തോടെ 1977-ൽ ചൈതന്യ പാസ്റ്ററൽ സെന്റർ സ്ഥാപിച്ചത്. മൈനർ സെമിനാരി ക്യാമ്പ് മുതൽ, നമ്മുടെ അതിരൂപതയുടെ എല്ലാ പ്രധാന പ്രവർത്തനങ്ങളും കൂട്ടായ്മകളും 1993 വരെ നടന്നിരുന്നത്, ഇപ്പോൾ കാത്തലിക് മിഷൻ പ്രസ്സ് പ്രവർത്തിക്കുന്ന ഹാളിലും അതിനോടു ചേർന്നുള്ള കെട്ടിടത്തിലും ആയിരുന്നു. 👉അതിരൂപതയുടെ സിരാകേന്ദ്രമായിരുന്ന ഈ പാസ്റ്ററൽ സെന്ററിന്റെ തിരുമുറ്റത്ത്, ക്നാനായ കുടിയേറ്റ നേതാവായ ക്നായി തോമായുടെ പ്രതിമ, വർഷങ്ങൾക്കുമുമ്പേ സ്ഥാപിക്കുകയുണ്ടായി. അന്നത്തെ അധികാരികൾ, ആവശ്യമായ ചർച്ചകൾക്കുശേഷം എടുത്ത തീരുമാനമപ്രകാരം ആയിരിക്കണമല്ലോ, ഈ പ്രതിമ, അപ്പോഴത്തെ സാഹചര്യമനുസരിച്ച്, ഏറ്റവും ആഘോഷപൂർവകവുമായി അവിടെ പ്രതിഷ്ഠിച്ചത്. 👉ഇത് മനപൂർവം മറന്നിട്ടാണോ, ഇപ്പോഴത്തെ കോലാഹലവും പ്രതിമ പ്രയാണവും സ്ഥാപനവും ഗവേഷണവും. (1993 മുതലാണ് തിരുഹൃദയകുന്നിലുണ്ടായിരുന്ന പാസ്റ്റർ സെന്ററിലെ പ്രവർത്തനങ്ങൾ, കൂടുതൽ സൗകര്യാർത്ഥം തെള്ളകത്തേയ്ക്ക് മാറ്റിയത്). 👉ഈ പ്രതിമയുടെ സ്ഥാപനത്തിന് ശേഷമാണെന്ന് തോന്നുന്നു, ക്നാനായ യാക്കോബായക്കാർ ക്നായി തോമായുടെ ചിത്രം വരച്ചത്. 👉എന്തോ, നമ്മുടെ ക്നായി തോമായ്ക്ക് നിറവും സൗന്ദര്യവും പോരാഞ്ഞിട്ടാണോ, യാക്കോബായ ക്നായി തോമായുടെ ചിത്രത്തിന് പുറകെ പോയത്? 👉സ്കൂൾവിട്ട് കൂട്ടുകാരുമൊത്ത് പാടവരമ്പത്ത് കൂടി നടന്നു വരുമ്പോൾ, പാടത്ത് ചെളിയിൽ കുളിച്ച് പണിയെടുക്കുന്ന സ്വന്തം അപ്പനെ, കൂട്ടുകാർ കാണുമെന്ന നാണക്കേടോർത്ത് വഴിമാറി പോയ കുട്ടിയുടെ ചിത്രം ഓർമ്മവരുന്നു. 👉പുതിയ പ്രതിമ സ്ഥാപിക്കുമ്പോൾ, പഴയ പ്രതിമ????? 👉കോട്ടയം അതിരൂപതയുടെ പ്ലാറ്റിനം ജൂബിലി സ്മരണികയുടെ 242 & 243 പേജുകളിൽ, അന്നത്തെ ഗവേഷകർ നൽകിയ വിവരണത്തിന് അടിസ്ഥാനത്തിൽ, ഏതോ ഒരു കലാകാരനെകൊണ്ട് വരപ്പിച്ച, ക്നായി തോമാ യുടെയും ഉറഹാ മാർ യൗസേപ്പ് മെത്രാന്റെയും ചിത്രങ്ങൾ കൊടുത്തിട്ടുണ്ട്. പുതിയ ഗവേഷകർക്ക് അത് സഹായകമാകും എന്ന് പ്രതീക്ഷിക്കട്ടെ. 👉ലജ്ജ തോന്നുന്നില്ലേ… ഇനിയെങ്കിലും നിർത്തിക്കൂടെ പരസ്പരമുള്ള ഈ ചെളിവാരിയെറിയൽ… 👉ക്നാനായ സമുദായത്തിന്റെ ശക്തി എന്നു പറയുന്നത് അവർക്കിടയിലുള്ള ഐക്യവും സ്നേഹവുമാ. അതില്ലാതെ എന്തെല്ലാം നേടിയാലും സ്ഥാപിച്ചാലും വട്ടപൂജ്യം. പണ്ട് സ്കൂളിൽ പഠിച്ച, മുട്ടനാടുകളുടെയും കുറുക്കന്റെയും കഥ മറക്കണ്ട. ശക്തരായ മുട്ടനാടുകളുടെ മനസ്സിൽ, അഹങ്കാരവും വിദ്വേഷവും കുത്തിനിറച്ച് അവയെ തമ്മിലിടിപ്പിച്ച്, അവ ചത്തുവീണപ്പോൾ ചോരകുടിച്ച് ആനന്ദിച്ച കുറുക്കന്റെ കഥ… 👉ഒരു കാര്യം ഉറപ്പ്, ആരൊക്കെ എത്രമാത്രം ഗവേഷണം നടത്തിയാലും പ്രതിമാപ്രയാണം നടത്തിയാലും, യഥാർത്ഥ ക്നായി തോമായുടെയും ഉറഹ മാർ യൗസേപ്പ് മെത്രാന്റെയും ചിത്രങ്ങൾ ലഭിക്കില്ല. കൊടുക്കുന്ന നിർദ്ദേശമനുസരിച്ച് ഒരു ചിത്രകാരൻ അവന്റെ ഭാവനയിൽ വിരിയുന്നത് വരച്ചു തരും. അത്രതന്നെ. 👉 സംപൂജ്യരായ നമ്മുടെ പൂർവപിതാക്കൾ ജീവിക്കേണ്ടത് ഏതെങ്കിലും ചിത്രത്തിലോ പ്രതിമയിലോ ആണോ. നമ്മുടെ ഹൃദയങ്ങളിൽ അല്ലേ? 👉 “ക്നായിതൊമ്മൻ കൊടുങ്ങല്ലൂരിൽ അന്ന് കൊളുത്തിയ ദീപശിഖ തലമുറ തലമുറ കൈമാറി”- രാഷ്ട്രീയക്കാരെപ്പോലെ അലറി വിളിക്കേണ്ട ഒരു മുദ്രാവാക്യമല്ല ഇത്. അർഥമറിഞ്ഞ് ഹൃദയത്തിൽ തുടിക്കുന്ന കീർത്തനമാവണം. ക്നായിതൊമ്മൻ കൊടുങ്ങല്ലൂരിൽ അന്ന് കൊളുത്തിയ ദീപശിഖ,- ലോകത്തിന്റെ പ്രകാശമായ ഈശോമിശിഹായെ ആണെന്ന് ഞാൻ വിശ്വസിക്കുന്നു. 👉സ്നേഹമാകുന്ന എണ്ണ പകർന്ന് ഈ ദീപം പ്രോജ്ജ്വലിപ്പിച്ച്, തനിമയിൽ ഒരുമയിൽ വിശ്വാസ നിറവിൽ വരുംതലമുറയ്ക്ക് പകർന്നു നൽകുവാൻ, നമുക്കാവണം. 👉അതിന് കഴിയണമെങ്കിൽ നമ്മിലെ അഹങ്കാരവും വ്യക്തി വിരോധവും ദുരഭിമാനവും ഉപേക്ഷിച്ച്, നമ്മുടെ പൂർവപിതാക്കന്മാർക്കുണ്ടായിരുന്ന വിശ്വാസ തീഷ്ണതയും ആത്മസമർപ്പണവും പരസ്പരസ്നേഹവും സഹകരണവും ആത്മാർത്ഥതയും ക്നാനായ സ്വത്വബോധവും കളങ്കമില്ലാതെ ഓരോ ക്നാനായനിലും കൂടുതൽ കരുത്തോടെ തിളങ്ങണം 👉അപ്പോൾ ഒരു നിയമത്തിനും നമ്മെ ഒന്നും ചെയ്യാനാവില്ല. 🌞🌜സൂര്യചന്ദ്രന്മാർ ഉള്ളടത്തോളം കാലം ക്നാനായ സമുദായം, ശിരസ്സുയർത്തി നെഞ്ചുവിരിച്ച്, മലയിൽ കത്തിച്ച് വച്ച ദീപമായി അനേകർക്ക് പ്രകാശം പകർന്ന് ജ്വലിച്ചു നിൽക്കും🔥. അല്ലെങ്കിൽ അധികം താമസിയാതെ കരിന്തിരി കത്തി കെട്ടൊടുങ്ങി, ചരിത്രരേഖകളിൽ മാത്രം അവശേഷിക്കും. കൂടെ കുറെ കളിമൺ പ്രതിമകളും. വരും തലമുറ നമ്മെ പഴിക്കാതിരിക്കട്ടെ 🙏🙏🙏

വിനയപൂർവ്വം,

കരിമ്പുംകാലായിലച്ചൻ.

👉 വാൽക്കഷണം : "ഷർട്ട് ഇടുമ്പോൾ ആദ്യത്തെ ബട്ടൻ തെറ്റായിട്ടാൽ, പിന്നീടുന്ന എല്ലാ ബട്ടൻസും തെറ്റായിരിക്കും". ഇത്, പാവം ടെയിലർ മമ്മൂഞ്ഞ് പറഞ്ഞതാ. എല്ലാ തത്വങ്ങളും ഷേക്സ്പിയർ തന്നെ പറയണമെന്ന് വാശി പിടിക്കണ്ട.Categories: Uncategorized

Leave a Reply

%d bloggers like this: