ക്നാനായ ജനതയുടെ പിതാവിനെ അപമാനിക്കുന്ന സമുദായ വഞ്ചകരെ തിരിച്ചറിയുക എന്നത് ആൽമാഭിമാനമുള്ള ഓരോ ക്നാനായക്കാരന്റേയും കടമയും ഉത്തരവാദിത്തവുമാണ്.
ക്നായി തോമ്മായെ സമുദായ വഞ്ചകർ സാമൂഹ്യവിരുദ്ധതയുടെ ഉപകരണമാക്കി മാറ്റുമ്പോൾ നിസ്സംഗത പുലർത്തുന്നത് ആൽമഹത്യാപരമാണ്. കുറേ ദിവസ്സങ്ങളായി ഉഗ്രതീവ്രവാദ വിഷം ചീറ്റലുമായി ചിലർ അഴിഞ്ഞാടുന്ന കാഴ്ച്ച നാം കാണുന്നു. 2021 അവസാനിക്കാൻ മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കേ, 1911 തൊട്ട് വിശുദ്ധമായ കോട്ടയം അതിരൂപത എന്ന ഒരു സഭാഘടകത്തിലൂടെ നാമെത്തി നിൽക്കുമ്പോൾ, നമ്മുടെ ജീവനാഡിയായ ക്നാനായ സമുദായത്തെ കണ്ണിലെ കൃഷ്ണമണി പോലെ കാത്ത് സംരക്ഷിക്കാൻ ജീവൻ നൽകിയത് എന്ന് ചിന്തിക്കുന്നത് നല്ലതായിരിക്കും.
കോട്ടയം വികാരിയത്തിന്റെ സ്ഥാപനത്തിന് മുൻപ് തൊട്ട് തന്നെ ദേവാലയ കേന്ദ്രീകൃതമായി ജീവിച്ച ജനത എന്ന നിലയിൽ ക്നായി തോമ്മാ നമ്മെ പഠിപ്പിച്ചത് എല്ലാം ക്രിസ്തുവിൽ സമന്വയിപ്പിച്ചുകൊണ്ടുള്ള ആത്‌മീയ ജീവിതമായിരുന്നു. ഇതിനുള്ള ഏറ്റവും വലിയ തെളിവുകളിൽ ഒന്ന് കോട്ടയം വികാരിയത്തിനായി നമ്മുടെ ബഹുമാനപ്പെട്ട വൈദീകർ ക്ഷമയോടെ അൽമായ സഹോദരങ്ങളെ ഉൾപ്പെടുത്തി നടത്തിയ പ്രാത്ഥനപൂർവ്വം നിലയ്ക്കാത്ത പരിശ്രമങ്ങൾ ആയിരുന്നു. രണ്ടാമതായി അഭിവന്ദ്യ കർദിനാൾ തിരുമേനി അല്ലിയാർഡിയുടെ അന്തിമ റിപ്പോർട്ട് ആണ്. ഈ റിപ്പോർട്ടിൽ പറയുന്നത്, ക്നാനായ സമൂഹം വിശുദ്ധനായ മാക്കിൽ പിതാവിനോടൊപ്പം സത്യവിശ്വാസ്സത്തിൽ വരാപ്പുഴ രൂപതാ വൈദീകരേക്കാളും വിശ്വാസികളെക്കാളും അത്യുന്നത നിലവാരം ഉള്ള ദൈവജനത്തിന്റെ കൂട്ടായ്മയായ ഒരു ജനത ആണ് എന്നാണ്. ഇത് പോലെ നമുക്ക് അനേകം തെളിവുകൾ ഉണ്ട് ക്നായി തോമാ എന്ന ക്നാനായ ജനതയുടെ പിതാവ് ഏറ്റവും അധികം പ്രാധാന്യം നൽകിയത് കലർപ്പും കളങ്കവുമില്ലാത്ത സത്യവിശ്വാസ്സത്തിന് ആയിരുന്നു എന്ന്. ക്രിസ്തു കേന്ദ്രീകൃതമായ ഒരു ജനതയ്ക്ക് വേണ്ടി ഉറഹാ മാർ യൗസ്സേപ്പ് മെത്രാനും വൈദീകരും ശെമ്മാശന്മാരും നാനൂറിലധികം വരുന്ന ഒരു ജനതയുമായി ഒരു സഭാ കുടിയേറ്റം നടത്തിയപ്പോൾ ക്നായി തോമ്മാ എന്ന ക്നാനായ ജനതയുടെ പിതാവ് സ്വപ്നം കണ്ടത് ഇന്ന് തെരുവിൽ അദ്ധേഹത്തിന്റെ പേരുകൊണ്ടും പ്രതിമകൊണ്ടുമുള്ള പേക്കൂത്ത് അല്ല.
ഇരുപതിനായിരത്തോളം ക്നാനായ സഹോദരങ്ങൾ സത്യസഭയിൽ നിന്ന് വ്യതിചലിച്ച് യാക്കോബായ സഭയിൽ ഒരു മെത്രാസനവുമായി 1910 ൽ അന്ത്യോക്യൻ പാത്രിയർക്കീസിന്റെ കീഴിൽ ഒരു സഭാഘടകമായി തുടങ്ങിയിട്ട് 110 വർഷങ്ങൾക്ക് ശേഷം നമ്മുടെ യാക്കോബായ ക്നാനായ സഹോദരങ്ങൾ എണ്ണത്തിൽ യാതൊരു വർദ്ധനയുമില്ലാതെ അതേ നിലയിൽ തുടരുന്നു. ഇത് കാലങ്ങളായി തുടരുന്ന അവരുടെ വ്യവസ്ഥിതിയുടെയും ഭരണക്രമത്തിന്റെയും അപാകത തന്നെയെന്നതിൽ യാതൊരു തർക്കവുമില്ല. അവരുടെ സമുദായ നേതൃത്വവും ഭരണചക്രവും യാതൊരു തത്വദീക്ഷയും ദീർഘവീക്ഷണവും ഇല്ലാത്ത സമുദായ നേതാക്കളുടെ മാത്രം കൈകളിൽ ആണ് എന്നതാണ് ഈ ദുരവസ്ഥയ്ക്ക് കാരണം. അഭിവന്ദ്യ തിരുമേനിമാരും ബഹുമാനപ്പെട്ട വൈദീകരും രാഷ്ട്രീയ ഉപകരണങ്ങളും ഇരകളുമായി മാറുന്നു എന്നത് അതീവദുഃഖത്തോടെ മാത്രമേ കാണാൻ കഴിയൂ. എന്നാൽ 1911 ൽ സത്യസഭയിൽ ഒരു വികാരിയാത്ത് ആയി അമ്പതിനായിരത്തിൽ താഴെ ആൾക്കാരുമായി തുടക്കമിട്ട ക്നാനായ കത്തോലിക്കർ ഇന്ന് ഏകദേശം രണ്ട് ലക്ഷത്തിനടുത്ത് അംഗസംഖ്യയുമായി വളർന്നു നിൽക്കുന്നു. ഇവിടെ ഈ ചെറുസമൂഹത്തിന്റെ നിലനിൽപ്പിന്റെ ശരിതെറ്റുകൾ നിസ്സാരമായി മനസിലാക്കാം. എന്തുകൊണ്ടാണ് ക്നാനായ കത്തോലിക്കർ ഇന്ന് ഇത്രയും സുശക്തവും എണ്ണത്തിൽ ന്യായമായ വർദ്ധനയുമായി നിലനിൽക്കുന്നത്? സംശയലേശമന്യേ നമുക്ക് പറയാൻ കഴിയും അഭിവന്ദ്യ മാർ മാക്കിൽ പിതാവിൽ തുടങ്ങി അഭിവന്ദ്യ മാർ ചൂളപ്പറമ്പിൽ പിതാവ്, അഭിവന്ദ്യ മാർ തറയിൽ പിതാവ്, അഭിവന്ദ്യ മാർ കുന്നശ്ശേരി പിതാവ് മുതൽ ഇന്ന് അഭിവന്ദ്യ മാർ മാത്യു മൂലക്കാട്ട് പിതാവ് വരെ മുറിയാതെ നിലനിൽക്കുന്ന അപ്പസ്തോല പിൻഗാമികളുടെ അനിക്ഷേദ്ധ്യ നേതൃത്വവും, ബഹുമാനപ്പെട്ട വൈദീകരാൽ നയിക്കപ്പെടുന്ന ഇടവക കേന്ദ്രീകൃതമായ ജീവിതവും സഭയുടെ ഭരണക്രമവും ആണ്.
വിശുദ്ധവും പരിപാവനവുമായ ക്നാനായ കത്തോലിക്കരുടെ വിജയവും നിലനിൽപ്പും 110 വർഷമായി ആരുടെ മനസ്സിലും തോന്നാത്ത ഒരു പ്രതിമയിൽ ആരൊക്കെയോ ആർക്കൊക്കെ വേണ്ടിയോ നശിപ്പിക്കാൻ ശ്രമിക്കുകയാണ്. കോട്ടയം വികാരിയാത്ത് ഉണ്ടായി കഴിഞ്ഞ ശേഷം നാളിതുവരെ ക്നാനായ സമുദായം നിലനിന്നതും വളർന്നതും ഒരു പ്രതിമയുടെ കുറവുകൊണ്ടല്ല. മറിച്ച് ക്നായി തോമായെ നമ്മുടെ പൂർവ്വീകരും പൂർവ്വ പിതാക്കമ്മാരും മൺമറഞ്ഞുപോയ ബഹുമാനപ്പെട്ട വൈദീകരും കണ്ണിലെ കൃഷ്ണമണിപോലെ കാത്ത് സൂക്ഷിച്ചതുകൊണ്ടാണ്. അല്ലാതെ ഇന്നലത്തെ മഴയത്ത് ഇന്ന് കിളിർത്ത തകരയിലകളായ അഭിനവ പ്രതിമാവാദികളുടെ മുതലക്കണ്ണീരും അട്ടഹാസ്സവും കൊണ്ടല്ല. ക്നാനായ സമുദായ ബോധത്തിലും വിശ്വാസ്സ തീഷ്ണതയിലും ഈ ജനത ഇന്നും
നിലനിൽക്കുന്നത് കഴിഞ്ഞ മൂന്ന് വർഷക്കാലമായി കോലാഹലങ്ങളിൽ മുഴുകിയിരിക്കുന്ന കപട സംരക്ഷകരുടെ കാപട്യത്തിൽ അല്ല. ക്നാനായ ജനതയിൽ ഒരു കുഞ്ഞുപോലും ഈ സംരക്ഷക ഭോഷന്മാരുടെ പ്രവൃത്തിയാൽ ഒരറിവും ഒരു ബോധ്യവും ഉണ്ടാക്കിയിട്ടില്ല എന്ന് മാത്രമല്ല, ഒരുപിടി ക്നാനായ മക്കളെ അരാജകത്വത്തിലേക്കും അരക്ഷിതാവസ്ഥയിലേക്കും അങ്ങിനെ നിത്യനാശത്തിലേക്കും തള്ളി വിട്ടിരിക്കുകയാണ്.
ജയ്‌മോൻ നന്തികാട്ട്
Categories: Uncategorized
Leave a Reply