ഈ കാലഘട്ടത്തിന്റെ പ്രശ്നങ്ങളിലൂടെ നാം കടന്നു പോകുന്നു. അറിയാതെ നമ്മളും തിന്മയുടെ ഇരകളായി മാറുന്നു. കുടുംബങ്ങളിലും, സമൂഹത്തിലും, സഭയിലും, എന്തിന് നമ്മളിൽ തന്നെ അന്ധകാരശക്തികൾ കൂട് കൂട്ടിയിരിക്കുന്നു. രക്ഷപെടാൻ നമുക്ക് ഒരു മാർഗമേ ഉള്ളൂ. നമ്മുടെ ഓരോ പ്രവർത്തികളും ചെയ്യും മുൻപ് പരിശുദ്ധാൽമാവിനോട് മുട്ടിപ്പായി പ്രാർത്ഥിക്കുക.
നമ്മൾ അറിയാതെ ഇന്ന് ചെയ്യുന്ന തെറ്റുകൾ നാളെ നമ്മൾ അറിയാതെ തന്നെ തിരുത്തപ്പെടും. നന്മയും തിന്മയും നമ്മൾ തിരിച്ചറിയും. സമൂഹത്തിലും സഭയിലും നടക്കുന്ന തിന്മകളെ ഓർത്ത് ആരും ആകുലരാകേണ്ട കാര്യമില്ല. നമ്മൾ ഓരോരുത്തരും നമ്മെ തന്നെ തിരുത്തിയാൽ നമ്മുടെ സമൂഹവും നമ്മുടെ സഭയും ശുദ്ധീകരിക്കപ്പെടും. മറ്റുള്ളവന്റെ കണ്ണിലെ കരട് എടുക്കാൻ വ്യഗ്രത കാട്ടുന്ന നമുക്ക് നമ്മുടെ കണ്ണിലെ തടിക്കഷണം എടുത്ത് മാറ്റാം. സാമൂഹ്യ മാധ്യമങ്ങളിലൂടെ നമ്മളെ സംശയത്തിന്റെ മുൾമുനയിൽ നിർത്തിക്കൊണ്ട് ധാരാളം അപവാദങ്ങൾ പരക്കുന്നു. അവയുടെ പുറകേ പോകാതെ, നമ്മളുടെ തമ്പുരാനിൽ മാത്രം ആശ്രയിക്കാം. തമ്പുരാന്റെ വചനങ്ങൾ ആണ് നമ്മുടെ വഴി കട്ടി. ആ വചനങ്ങളിൽ ആണ് നമ്മുടെ സർവ്വസ്സവും എന്ന് തിരിച്ചറിയുക. സാമൂഹ്യ മാധ്യമങ്ങളിൽ കൂടി പ്രവഹിക്കുന്ന ഗോസ്സിപ്പുകളോട് നമുക്ക് വിടപറയാം. അന്ധകാരത്തെ മാറ്റി പ്രകാശത്തെ നമുക്ക് വാരി പുണരാം. നിത്യമാം പ്രകാശമേ നമ്മെ നയിച്ചാലും എന്ന് ഓരോ നിമിഷവും പ്രാർത്ഥിക്കാം. കൈകൾ കോർക്കുവിൻ നല്ല ക്നാനായക്കാർ ആകുവാൻ. വിശ്വസിക്കാം നമ്മുക്ക് ദൈവം തന്ന ആബുൻമാരിൽ.
ജയ്‌മോൻ നന്തികാട്ട്